Kunnamkulam News:- കേച്ചേരി, പാടെ തകർന്ന തൃശൂർ-കുന്നംകുളം റോഡ് ഒരാഴ്ച്ചക്കുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന കളക്ടറുടെ ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ഭീമ ഹരജി നൽകും. റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് എസ്. ഡി. പി. ഐ മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൽ കാദർ നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായാണ് ഭീമ ഹരജി നൽകുന്നത്.
കേച്ചേരി സെന്ററിൽ നടന്ന ഒപ്പു ശേഖരണത്തിൽ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പേർ പങ്കാളികളായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ കളക്ടർക്ക് ഹരജി സമർപ്പിക്കും. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ റോഡ് പൂർണമായും തകർന്നിട്ടും ശരിയായ രീതിയിൽ ടാറിങ് നടത്താൻ അധികൃതർ തയ്യാറാവാത്ത സാഹചര്യത്തിലാണ് ദിലീഫ് നിരാഹാര സമരം തുടങ്ങിയത്. സമരം തുടങ്ങിയിട്ട് ഇന്നേക്ക് 16 ദിവസം പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ദിലീഫിന്റെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ ആരോഗ്യവിഭാഗം അധികൃതർ പരിശോധന നടത്തി നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോഡ് സഞ്ചാരയോഗ്യമാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ പോലിസ് എത്തി കുന്നംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുന്നത് ദിലീഫിന്റെ ജീവന് പോലും ഭീഷണിയായിട്ടും റോഡ് ടാറിങ് നടത്തണമെന്ന ജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അശാസ്ത്രീയമായ രീതിയിൽ ചളി നിറച്ച് കുണ്ടും കുഴിയും നികത്തി ജനങ്ങളെ വിഡ്ഢികളാക്കുന്നത് തുടരുകയാണ് അധികൃതർ.
കൈപ്പറമ്പ് ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ കുഴിയടക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റോഡ് പൂർണമായും തകർന്ന ചൂണ്ടൽ മുതലുള്ള റോഡ് പൂർണമായും ടാറിങ് നടത്തണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കുഴികൾ അടക്കുന്നത്കൊണ്ട് യാത്രാ ദുരിത്തിന് പരിഹാരമാവില്ല. ചൂണ്ടൽ മുതലുള്ള റോഡിന്റെ ടാറിങ് ആരംഭിച്ചാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കുയുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദിലീഫ്.
ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് ഒരുങ്ങുകയാണ് ജനങ്ങൾ.